കുവൈത്തിലെ ആദ്യ ചെറുകിട ആയുധ വെടിക്കോപ്പ് നിർമാണശാല; ദേശീയ ഉൽപ്പാദനശേഷി ശക്തമാക്കുമെന്ന് പ്രതിരോധമന്ത്രി
കുവൈത്ത് സിറ്റി: പ്രതിരോധ ഉൽപ്പാദനരംഗത്ത് സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്തേകി ‘നായിഫ്’ ഫാക്ടറിയിൽ ചെറുകിട ആയുധങ്ങൾക്കുള്ള ആദ്യ ബാച്ച് വെടിക്കോപ്പുകളുടെ ഉൽപ്പാദനം ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി ഷെയ്ഖ് അബ്ദുല്ല അൽ അലി അൽ സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ദേശീയ സൈനിക വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനും ഉയർന്ന ഗുണനിലവാരവും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. ദേശീയ വിദഗ്ധരുടെ കഴിവുകളും അനുഭവങ്ങളും പ്രയോജനപ്പെടുത്തുന്നത് പ്രതിരോധ സജ്ജത ശക്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ ഇത്തരത്തിലുള്ള ആദ്യ ഫാക്ടറിയാണ് നായിഫെന്ന് സൈന്യത്തിന്റെ സപ്ലൈ ആൻഡ് ലോജിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ എൻജിനീയർ സലാഹ് സൗദ് അൽ ആസിമി പറഞ്ഞു. സൈനിക–സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള ദേശീയ വ്യവസായ അടിത്തറ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ശുറൈആൻ, പ്രതിരോധ മന്ത്രാലയ അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുല്ല അൽ മിഷ്അൽ, നാഷണൽ ഗാർഡ് അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജസ് തുടങ്ങിയവർ പങ്കെടുത്തു.