ട്രെയിൻ യാത്രക്കാർക്ക് ബെര്‍ത്തില്‍ കിടന്ന് ഉറങ്ങാനുള്ള സമയം നിയന്ത്രിച്ചുകൊണ്ട് ഇന്ത്യന്‍ റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലര്‍ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. രാവിലെ ആറ് മണിക്ക് ശേഷം യാത്രക്കാർ ബെർത്തുകളിൽ ഉറങ്ങാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
ആറ് മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് യാത്രക്കാർക്ക് ബെർത്തുകളിൽ കിടന്നുറങ്ങാൻ അവകാശമില്ലെന്ന റെയിൽവേ മാനുവലിലെ വ്യവസ്ഥ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ് വന്നിരിക്കുന്നത്.
ചെന്നൈ കെ.കെ. നഗർ സ്വദേശിയായ എസ്. ബാലസുബ്രഹ്മണ്യമാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചത്. ഫെബ്രുവരി 11-ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അപ്പീൽ. താൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെന്നും, ഒരിക്കൽ രോഗിയായ ഭാര്യയുമായി യാത്ര ചെയ്തപ്പോൾ രാവിലെ ആറ് മണിക്ക് ശേഷം ബെർത്തിൽ ഉറങ്ങാൻ റെയിൽവേ അധികൃതർ അനുവദിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ അപ്പീൽ പരിഗണിച്ചത്.
എല്ലാ യാത്രക്കാർക്കും ഒരേപോലെ സൗകര്യപ്രദവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് റെയിൽവേ ഇത്തരം സമയപരിധികൾ നിശ്ചയിച്ചിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
രോഗികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് സര്‍ക്കുലറില്‍ ആവശ്യമായ ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാണിച്ചു.
യാത്രയ്ക്കിടെ ഹർജിക്കാരന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കില്‍ ഉടൻതന്നെ ട്രെയിനിലെ ജീവനക്കാരെയോ ആര്പിഎഫിനെയോ (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) അതല്ലെങ്കിൽ അടുത്ത സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമായിരുന്നു എന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരന്റെ രോഗിയായ ഭാര്യയ്ക്ക് അധികസമയം ഉറങ്ങാൻ അനുമതി നൽകാതിരുന്ന ഒരു പ്രത്യേക സംഭവം മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് പൊതുതാൽപര്യം മുൻനിർത്തി നടപ്പിലാക്കിയ ഇത്തരം ചട്ടങ്ങൾ റദ്ദാക്കാനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.