ബയാൻ കൊട്ടാരത്തിൽ കൂടിക്കാഴ്ച; വികസന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന സഹകരണ സാധ്യതകൾ വിലയിരുത്തി

കുവൈത്ത് സിറ്റി: കുവൈത്തും ആഗോള ഊർജ കമ്പനിയായ ഷെല്ലും തമ്മിലുള്ള സാമ്പത്തിക സഹകരണ സാധ്യതകൾ ചർച്ച ചെയ്തു. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, ഷെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വാഇൽ സവാനെ ബയാൻ കൊട്ടാരത്തിൽ സ്വീകരിച്ചു.

കുവൈത്ത് സന്ദർശനത്തിന്റെ ഭാഗമായാണ് നവംബർ നാലിന് കൂടിക്കാഴ്ച നടന്നത്. രാജ്യത്തിന്റെ സാമ്പത്തിക വികസന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന തരത്തിൽ പരസ്പര സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർഗങ്ങൾ ഇരുവരും വിലയിരുത്തി.

കിരീടാവകാശിയുടെ ദിവാൻ മേധാവി ഷെയ്ഖ് താമർ ജാബിർ അൽ അഹമ്മദ് അൽ സബാഹ്, കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ഉപാധ്യക്ഷനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഷെയ്ഖ് നവാഫ് സൗദ് നാസർ അൽ സബാഹ് എന്നിവരും പങ്കെടുത്തു.