​തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച 1995 ലെ കൊലപാതക കേസിൽ മൂന്ന് പതിറ്റാണ്ടിനു ശേഷം പ്രതി പിടിയിൽ. തൃശൂർ കിഴക്കേകോട്ടയിൽ 65 വയസ്സുള്ള മർത്ത എന്ന വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒളിവിലായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി കൃഷ്ണകുമാറിനെയാണ് (49) തൃശൂർ സിറ്റി പൊലീസ് പിടികൂടിയി.

​1995 ഒക്ടോബർ 31-നായിരുന്നു കേസിനാസ്പദമായ സംഭവം.

തൃശൂർ കിഴക്കേകോട്ടയിൽ ഒറ്റയ്ക്കി താമസിച്ചിരുന്ന മർത്തയെ പ്രതികളും സുഹൃത്തുക്കളുമായ പ്രസാദും കൃഷ്ണകുമാറും ചേർന്ന് രാത്രിയിൽ വീടുകയറി ആക്രമിക്കുകയും തലയണ കൊണ്ട് മുഖംപൊത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണം കവരുകയുമായിരുന്നു.

സംഭവത്തിന് ശേഷം പിടിയിലായ ഇവർ കോടതിയിൽ നിന്ന് ജാമ്യം നേടി മുങ്ങുകയായിരുന്നു. കൂട്ടുപ്രതിയായ പ്രസാദിനെ പിന്നീട് പിടികൂടിയിരുന്നെങ്കിലും കൃഷ്ണകുമാർ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ പോവുകയായിരുന്നു.

​തുടർന്ന് വർഷങ്ങളോളം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ ഉത്തർപ്രദേശിലെ മീററ്റിൽ വ്യാജ വിലാസത്തിലും പേരിലും (മഹേഷ് നായർ) 15 വർഷത്തോളം ജീവിച്ചു.

പിന്നീട് കേരളത്തിലേക്ക് മടങ്ങിയ ഇയാൾ കൊല്ലം കുണ്ടറയിൽ വെൽഡിങ് ജോലി ചെയ്ത്, വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.

കുടുംബാംഗങ്ങൾക്കും ആർക്കും ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.

​സ്റ്റേറ്റ് പൊലീസ് ഇൻറലിജൻസ് നൽകിയ വിവരങ്ങളും, തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആസൂത്രിതമായ നീക്കങ്ങളുമാണ് നിർണായകമായത്.

ഡൽഹിയിലുണ്ടായിരുന്ന ഇയാളുടെ അമ്മാവന്റെ പശ്ചാത്തലവും മീററ്റിലെ മേൽവിലാസവും പാൻകാർഡ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ കൊല്ലം കുണ്ടറയിൽ പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്.

വിചാരണക്കോടതിയിൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലിരിക്കെയാണ് മുപ്പത് വർഷത്തിനു ശേഷം കൃഷ്ണകുമാർ പിടിയിലായത്.