300 ദിനാർ വരെ ശമ്പളമുള്ളവരുടെ 25 ദിനാറോ അതിലധികമോ വരുന്ന ഇടപാടുകൾക്ക് ബാധകം; ഡിസംബർ 31 മുതൽ നടപ്പാക്കും
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം യഥാർഥത്തിൽ അവരുടെ കൈകളിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ ബാങ്കിങ് നടപടികൾ കർശനമാക്കുന്നു. പ്രതിമാസ ശമ്പളം 300 ദിനാറിൽ കവിയാത്ത തൊഴിലാളികളുടെ ശമ്പള അക്കൗണ്ടുകളിൽനിന്നുള്ള 25 ദിനാറോ അതിലധികമോ വരുന്ന പണം പിൻവലിക്കൽ, കൈമാറ്റം, പണമടയ്ക്കൽ എന്നിവയ്ക്ക് ഇരട്ട സ്ഥിരീകരണം ഏർപ്പെടുത്താനാണ് നിർദേശം.
ഡിസംബർ 31 മുതൽ പുതിയ നടപടികൾ പ്രാബല്യത്തിൽ വരും. ശമ്പളം അക്കൗണ്ടിൽ നിക്ഷേപിച്ചതായി രേഖപ്പെടുത്തിയശേഷം തൊഴിലാളിക്ക് അത് ഉപയോഗിക്കാൻ കഴിയാത്ത രീതിയിലുള്ള ‘വ്യാജ ശമ്പളവിതരണം’ തടയുകയാണ് ലക്ഷ്യം. സെപ്റ്റംബർ 28-ന് ആരംഭിച്ച കുവൈത്ത് വേതനവിതരണ സംവിധാനത്തിന്റെ തുടർനടപടിയാണിത്.
ശമ്പള അക്കൗണ്ടിലൂടെയോ അതുമായി ബന്ധിപ്പിച്ച പണമിടപാട് ഉപകരണങ്ങളിലൂടെയോ നടത്തുന്ന ബാധകമായ ഓരോ ഇടപാടിനും തൊഴിലാളിയുടെ തിരിച്ചറിയലും സമ്മതവും ഉറപ്പാക്കണം. ശമ്പളം അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് ഈ സ്ഥിരീകരണം ആവശ്യമില്ല. ബാങ്കിൽ രേഖപ്പെടുത്തിയ ഏറ്റവും പുതിയ പ്രതിമാസ ശമ്പളവിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തൊഴിലാളിയെ പദ്ധതിയിൽ ഉൾപ്പെടുത്തുക.
സ്ഥിരീകരണത്തിനുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തൊഴിലാളിയുടേതാണെന്ന് നേരിട്ട് ഉറപ്പാക്കണമെന്നും തൊഴിലുടമ നൽകുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കരുതെന്നും നിർദേശമുണ്ട്. സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും ബാങ്കിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കഴിയാത്തവർക്കും സുരക്ഷിതമായ ബദൽ സൗകര്യങ്ങൾ ഒരുക്കണം.