ലോസ് ആഞ്ചലസ്: സ്വന്തം 97-ാം പിറന്നാൾ ആഘോഷത്തിനിടെ പ്രശസ്ത ഡിസ്കോ ഗാനമായ 'സ്റ്റേയിങ് എലൈവ്' (Stayin' Alive) എന്ന ഗാനത്തിന് ചുവടുവെച്ച വയോധികൻ പിന്നാലെ മരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. വീറ്റോ എന്നറിയപ്പെടുന്ന 97കാരന്റെ അപ്രതീക്ഷിത വിയോഗം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ആഴ്ച ഹാലോവീൻ പ്രമേയത്തിലായിരുന്നു വീറ്റോയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. സുഹൃത്തുക്കളും അയൽവാസികളും പങ്കെടുത്ത ആഘോഷത്തിൽ അദ്ദേഹം ഏറെ സന്തോഷത്തോടെ നൃത്തം ചെയ്യുകയും പാട്ടിനൊപ്പം കൈയടിക്കുകയും ചെയ്തിരുന്നു. ബീ ഗീസ് സംഗീതസംഘത്തിന്റെ പ്രശസ്തമായ 'സ്റ്റേയിങ് എലൈവ്' എന്ന ഗാനത്തിനൊപ്പമുള്ള അദ്ദേഹത്തിന്റെ നൃത്തമാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ലോസ് ആഞ്ചലസ് സ്വദേശിയായ 24കാരിയും വീറ്റോയുടെ അയൽവാസിയുമായ ഈഡൻ മാലിനോഫാണ് ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വീറ്റോയ്ക്കായി പ്രത്യേകമായി റെഡ് വൈൻ ചോക്ലേറ്റ് കേക്കും അവർ തയ്യാറാക്കിയിരുന്നു.

ദീർഘായുസിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ നിലവാരം കുറഞ്ഞ മദ്യം ഒരിക്കലും ഉപയോഗിക്കരുതെന്നായിരുന്നു വീറ്റോയുടെ രസകരമായ മറുപടിയെന്നും മാലിനോഫ് പറഞ്ഞു.

എന്നാൽ ആഘോഷത്തിനിടെ അതിഥികൾ പിറന്നാൾ ആശംസകൾ പാടിയതിന് പിന്നാലെ വീറ്റോ അപ്രതീക്ഷിതമായി മരണപ്പെടുകയായിരുന്നു. അദ്ദേഹം മദ്യലഹരിയിലായിരുന്നില്ലെന്നും തികച്ചും അപ്രതീക്ഷിതമായ സംഭവമായിരുന്നുവെന്നും മാലിനോഫ് വ്യക്തമാക്കി.

വീറ്റോയുടെ അടുത്ത സുഹൃത്തും മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അവയുടെ ഗൗരവം സുഹൃത്തുക്കൾക്ക് അറിയില്ലായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി. പ്രിയപ്പെട്ട സംഗീതം കേട്ടുകൊണ്ടിരിക്കെയാണ് വീറ്റോയുടെ അന്ത്യം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കൾ ഉൾപ്പെട്ട സുഹൃദ്‌വലയത്തിലെ സജീവ സാന്നിധ്യമായിരുന്നു വീറ്റോയെന്നും പ്രായം ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകരുതെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നുവെന്നും മാലിനോഫ് അനുസ്മരിച്ചു.

വീറ്റോയുടെ അവസാന പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഗാനത്തിന്റെ പേരും അദ്ദേഹത്തിന്റെ അവസാന നൃത്തവും തമ്മിലുള്ള യാദൃച്ഛികതയും ശ്രദ്ധ നേടുന്നുണ്ട്.