ലണ്ടൻ: മുൻ ഡയറക്ടർ ജനറൽ ഫഹദ് അൽ റജ്ആന് രഹസ്യമായി നൽകിയ കമ്മീഷനുകളുമായി ബന്ധപ്പെട്ട കേസിൽ കുവൈത്തിന്റെ പൊതുസാമൂഹിക സുരക്ഷാ സ്ഥാപനത്തിന് (പിഐഎഫ്എസ്എസ്) അനുകൂലമായി ലണ്ടൻ ഹൈക്കോടതി വിധിച്ചു. അന്തരിച്ച അൽ റജ്ആന്റെ സ്വത്തുസമ്പത്തുമായി ബന്ധപ്പെട്ട കക്ഷികളും ആസ്തി മാനേജ്മെന്റ് സ്ഥാപനമായ മാൻ ഗ്രൂപ്പിന്റെ ചില അനുബന്ധ കമ്പനികളും ഉൾപ്പെട്ട സിവിൽ കേസിലാണ് നവംബർ അഞ്ചിലെ വിധി.
പെൻഷൻ സ്ഥാപനത്തിന്റെ നിക്ഷേപങ്ങൾ നേടുന്നതിനായി അൽ റജ്ആന് കൈക്കൂലി നൽകിയെന്നായിരുന്നു കേസിലെ പ്രധാന ആരോപണം. നഷ്ടപരിഹാരം ലഭിക്കാൻ സ്ഥാപനത്തിന് അവകാശമുണ്ടെന്ന് കോടതി കണ്ടെത്തി. അന്തിമ തുകയും പലിശയും കോടതി ചെലവുകളും തുടർനടപടികളിൽ തീരുമാനിക്കും. ബാധ്യതയും തുക കണക്കാക്കിയ രീതിയും സംബന്ധിച്ച കോടതിയുടെ കണ്ടെത്തലുകളോട് വിയോജിപ്പുണ്ടെന്ന് മാൻ ഗ്രൂപ്പ് അറിയിച്ചു.