തിരുവനന്തപുരം: മന്ത്രി അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി. അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല നൽകി. സീറാം സാംബശിവ റാവുവിനെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ചുമതലയിലേക്കാണ് മാറ്റിയത്. അതേസമയം, അഡീഷണൽ എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ്) എക്സൈസ് കമ്മിഷണറുടെ താൽക്കാലിക ചുമതല വഹിക്കും.
മൂന്ന് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെതിരെ എക്സൈസ് മന്ത്രി എം ലിജു പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
എക്സൈസ് കമ്മീഷണറുടെ നടപടികള്‍ ദുരൂഹമാണെന്ന് മന്ത്രി എം ലിജു കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. വകുപ്പിന് നാണക്കേടുണ്ടാക്കിയെന്നും മന്ത്രി ആരോപിച്ചു. ബാറുകള്‍ക്ക് അനുമതി നല്കുന്ന കാര്യം സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. സര്‍ക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണര്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ ബാറുകളുടെ വിഷയത്തിൽ ഇടപെടലുണ്ടാകുമെന്നും എം ലിജു വ്യക്തമാക്കി.
എന്നാൽ, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സീറാം സാംബശിവ റാവു പറഞ്ഞു. എക്സൈസ് മന്ത്രി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന ആളാണ് താൻ. മന്ത്രിയുമായി യാതൊരു പ്രശ്നവുമില്ലെന്നും സാംബശിവ റാവു പറഞ്ഞിരുന്നു.