ന്യൂഡൽഹി: ഡൽഹിയിൽ സ്കൂൾ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് ഒമ്പത് വയസ്സുകാരി മരിച്ച സംഭവം രാജ്യത്ത് ആശങ്കയാകുന്നു. മയൂർ വിഹാർ ഫേസ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഗെയിംസ് പിരീഡ് കഴിഞ്ഞ് ക്ലാസ് മുറിയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു സംഭവം.

കുട്ടി ക്ലാസ് മുറിയിലേക്ക് നടന്നുവരുന്നതും പിന്നീട് പെട്ടെന്ന് കുഴഞ്ഞുവീഴുന്നതും സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അധ്യാപിക ഉടൻ കുട്ടിയുടെ അടുത്തെത്തി സഹായിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് ബോധം വീണ്ടെടുക്കാനായില്ല. തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. പിന്നീട് നിർമാൺ വിഹാറിലെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിക്ക് ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) സംഭവിച്ചതാണെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ അടിയന്തര ചികിത്സയും കൃത്യസമയത്ത് സി.പി.ആറും നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാനുള്ള പരിശോധനകൾ തുടരുകയാണ്.

കുട്ടികളിൽ ഹൃദയസ്തംഭനം എത്രത്തോളം സാധാരണമാണ്?

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനം അപൂർവമാണ്. എന്നാൽ ചില ജന്മനാ ഉള്ള ഹൃദ്രോഗങ്ങളും ശ്വാസതടസ്സവും ഗുരുതരമായ അണുബാധകളും ഇത്തരം അടിയന്തരാവസ്ഥകൾക്ക് കാരണമാകാം.

കുട്ടികളിൽ ഹൃദയസംബന്ധമായ അടിയന്തരാവസ്ഥകൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ:

1. ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങൾ: ഹൃദയത്തിന്റെ ഘടനയിലോ പ്രവർത്തനത്തിലോ ജനനം മുതൽ ഉണ്ടാകുന്ന തകരാറുകൾ രക്തം പമ്പ് ചെയ്യുന്നതിനെ ബാധിക്കാം.

2. ഹൃദയമിടിപ്പിലെ താളവ്യതിയാനങ്ങൾ: ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനത്തിലെ തകരാറുകൾ അപകടകരമായ രീതിയിൽ ഹൃദയമിടിപ്പ് മാറാൻ കാരണമാകാം.

3. കാർഡിയോമയോപ്പതി: ഹൃദയപേശികൾക്ക് കട്ടിയേറുകയോ ദുർബലമാകുകയോ ചെയ്യുന്ന രോഗാവസ്ഥയാണിത്. ഹൃദയത്തിന്റെ രക്തം പമ്പ് ചെയ്യാനുള്ള ശേഷിയെ ഇത് ബാധിക്കും.

4. മയോകാർഡിറ്റിസ്: അണുബാധകളുമായി ബന്ധപ്പെട്ട് ഹൃദയപേശികളിൽ ഉണ്ടാകുന്ന വീക്കമാണ് മയോകാർഡിറ്റിസ്. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം.

5. ഗുരുതരമായ ശ്വാസതടസ്സം: ആസ്ത്മ, ന്യൂമോണിയ, ശ്വാസനാളത്തിലെ തടസ്സം തുടങ്ങിയ അവസ്ഥകൾ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ഗുരുതരമായ സാഹചര്യങ്ങളിൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യാം.

6. ഗുരുതരമായ അണുബാധയും സെപ്സിസും: അണുബാധ മൂലം രക്തസമ്മർദം അപകടകരമായി താഴുകയും പ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യാം.

7. കടുത്ത അലർജി: അനാഫൈലാക്സിസ് എന്നറിയപ്പെടുന്ന ഗുരുതരമായ അലർജി പ്രതികരണം ശ്വാസതടസ്സത്തിനും രക്തസമ്മർദം കുറയുന്നതിനും കാരണമാകാം.

8. ഗുരുതരമായ ശാരീരിക പരിക്കുകൾ: രക്തനഷ്ടം, നെഞ്ചിനേറ്റ പരിക്കുകൾ തുടങ്ങിയവയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിക്കാം.

ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ

വ്യായാമത്തിനിടയിലോ കളിക്കുന്നതിനിടയിലോ നെഞ്ചുവേദന, തലകറക്കം, ബോധക്ഷയം, അസാധാരണമായ ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്ന കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. കുടുംബത്തിൽ ചെറുപ്പത്തിൽ പെട്ടെന്നുള്ള ഹൃദയസംബന്ധമായ മരണം സംഭവിച്ചിട്ടുള്ള ചരിത്രമുണ്ടെങ്കിലും ഡോക്ടറുടെ നിർദേശം തേടണം.

കുട്ടികളിൽ പെട്ടെന്നുള്ള ഹൃദയസംബന്ധമായ അടിയന്തരാവസ്ഥകൾ അപൂർവമാണെങ്കിലും അവയെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സ്കൂളുകളിൽ അടിയന്തര വൈദ്യസഹായ സംവിധാനങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ, സി.പി.ആർ പരിശീലനം എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഡൽഹിയിലെ സംഭവം വീണ്ടും ചർച്ചയാക്കുകയാണ്.