റിയാദ്: സൗദി റിയാലിൽ പുറത്തിറക്കുന്ന സർക്കാർ സുകൂക്കുകൾ വികസ്വര വിപണികളിലെ പ്രാദേശിക കറൻസി കടപ്പത്രങ്ങൾക്കായുള്ള ജെ.പി. മോർഗന്റെ സൂചികയിൽ ഉൾപ്പെടുത്തും. 2027 ജനുവരി 29 മുതൽ പത്ത് മാസത്തിനിടെ ഘട്ടംഘട്ടമായാണ് സൗദി കടപ്പത്രങ്ങൾ സൂചികയുടെ ഭാഗമാകുക.
പ്രാദേശിക കറൻസിയിൽ പുറത്തിറക്കുന്ന സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപം വിലയിരുത്താൻ ആഗോള നിക്ഷേപകർ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളിലൊന്നാണ് ഈ സൂചിക. സൗദി മൂലധന വിപണി അതോറിറ്റിയുടെ കണക്കുപ്രകാരം 250 ബില്യൺ ഡോളറിലധികം മൂല്യമുള്ള നിക്ഷേപ ആസ്തികൾ ഈ സൂചികയുമായി ബന്ധപ്പെട്ടിരിക്കുന്നു.