കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ എ ടി എം കൗണ്ടറിൽ കവർച്ചാശ്രമം. പയ്യാമ്പലം റോഡിലുള്ള കനറാ ബാങ്കിന്റെ എ ടി എം കൗണ്ടറിലായിരുന്നു കവർച്ചാശ്രമം. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പയ്യാമ്പലം റോഡിലെ എസ്എൻ പാർക്കിന് സമീപത്തെ കനറാ ബാങ്ക് എടിഎം കൗണ്ടറിൽ കയറിയ യുവാവ് ട്രേയും ഷെൽഫും വലിച്ചിളക്കി. ഇതോടെ എടിഎമ്മിനുള്ളിലെ അലാറം മുഴങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ പൊലീസിൽ വിവരം നൽകി. തുടർന്ന് നൈറ്റ് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി കൗണ്ടറിനകത്തുണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു. പൊലീസ് എത്തുമ്പോഴും ട്രേ വലിച്ചിളക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കസ്റ്റഡിയിലെടുത്ത കൊൽക്കത്ത സ്വദേശിയുടെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മാനസികാസ്വാസ്ഥ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. പല ചോദ്യങ്ങൾക്കും പരസ്പരവിരുദ്ധമായാണ് ഇയാൾ മറുപടി നൽകുന്നത്.