ഉഡുപ്പി: കർണാടകയിലെ കുമാരധാര നദിയിൽ മുതലയുടെ ആക്രമണത്തിനിരയായ യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കുമാരധാര പാലത്തിനടുത്ത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് മാനസിക വിഷമത്തിലായിരുന്ന യുവതി നദിയിൽ അകപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെ മുതലയുടെ ആക്രമണത്തിൽ യുവതിക്ക് നേരിയ പരിക്കേറ്റു. തുടർന്ന് സഹായത്തിനായി യുവതി നിലവിളിച്ചതോടെ സമീപത്തെ ലോഡ്ജിലെ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുബ്രഹ്മണ്യ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബത്തോടൊപ്പം വിട്ടയച്ചു

ചികിത്സയ്ക്കുശേഷം പൊലീസ് യുവതിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടു. കൗൺസിലിങ്ങും ആവശ്യമായ സഹായവും നൽകിയ ശേഷം കുടുംബാംഗങ്ങൾക്കൊപ്പം വിട്ടയച്ചതായി അധികൃതർ അറിയിച്ചു.

കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് യുവതിയുടെ വ്യക്തിവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു