കുവൈത്ത് സിറ്റി: കമ്പനി രൂപീകരണവും അനുബന്ധ ഇടപാടുകളും വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രാലയവുമായുള്ള ഇലക്ട്രോണിക് വിവരവിനിമയ സംവിധാനം വികസിപ്പിക്കാൻ കുവൈത്ത് വാണിജ്യ–വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. വ്യാപാര പ്രവർത്തനം നടത്താൻ അപേക്ഷിക്കുന്ന വ്യക്തിക്ക് നിയമപരമായ യോഗ്യതയുണ്ടോ എന്ന് ഉടൻ പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ് പരിഗണനയിൽ.

അന്തിമ തീർപ്പാകാത്ത കേസുകളുടെയോ ആരോപണങ്ങളുടെയോ പേരിൽ അപേക്ഷകൾ സ്വയമേവ തടയുന്ന സാഹചര്യം ഒഴിവാക്കാനും നിർദേശമുണ്ട്. വാണിജ്യനിയമത്തിലെ 25-ാം വകുപ്പ് പ്രകാരം നിയമപരമായ വിലക്ക് ബാധകമാകുന്ന സാഹചര്യങ്ങളിലേക്കാണ് നിയന്ത്രണം പരിമിതപ്പെടുത്തുക. രേഖാപരിശോധന ഏകീകരിക്കുക, വിവരങ്ങളുടെ കൃത്യത മെച്ചപ്പെടുത്തുക, രഹസ്യസ്വഭാവം സംരക്ഷിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.