ദോഹ — മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ പുരോഗതി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെലിഫോണിൽ ചർച്ച ചെയ്തു. വെള്ളിയാഴ്ച ട്രംപാണ് ഖത്തർ അമീറിനെ വിളിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസി അറിയിച്ചു.

മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും വിലയിരുത്തി. ഭിന്നതകൾ കുറയ്ക്കാനും ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനും ദോഹ നടത്തുന്ന ശ്രമങ്ങളും സംഭാഷണത്തിൽ വിഷയമായി. ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും നേതാക്കൾ ചർച്ച ചെയ്തു.