ന്യൂഡൽഹി: ചൈനയുമായുള്ള ദക്ഷിണ ചൈനാക്കടലിലെ സംഘർഷം ശക്തമാകുന്നതിനിടെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഫിലിപ്പീൻസിന്റെ നീക്കത്തിന് പിന്തുണയുമായി ഇന്ത്യ. ഫിലിപ്പീൻസിന് കൂടുതൽ ബ്രഹ്മോസ് മിസൈൽ സംവിധാനങ്ങൾ നൽകുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നതായി റിപ്പോർട്ട്. 700 മുതൽ 800 മില്യൺ ഡോളർ വരെ മൂല്യമുള്ള കരാറാണ് പരിഗണനയിലുള്ളത്.

ഏകദേശം അഞ്ച് ബ്രഹ്മോസ് മിസൈൽ സംവിധാനങ്ങളും അറുപതോളം മിസൈലുകളും വാങ്ങാനാണ് ഫിലിപ്പീൻസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. 2022ൽ ഒപ്പുവെച്ച 375 മില്യൺ ഡോളറിന്റെ കരാറിന് പിന്നാലെയാണ് പുതിയ നീക്കം. നിലവിലുള്ള കരാർ പ്രകാരമുള്ള മിസൈൽ വിതരണവും ഇന്ത്യ അവസാനഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

കൂടുതൽ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാനുള്ള ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ താൽപര്യം പ്രതിരോധ മന്ത്രാലയ വക്താവ് അർസെനിയോ ആൻഡലോങ് സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലി ഡിഫൻസ് ഡയലോഗിൽ ഓൺലൈനായി പങ്കെടുത്ത ഫിലിപ്പീൻസ് പ്രതിരോധ സെക്രട്ടറി ഗിൽബെർട്ടോ തിയോഡോറോയും കൂടുതൽ മിസൈൽ സംവിധാനങ്ങൾ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഫിലിപ്പീൻസിന്റെ പ്രത്യേക പ്രതിരോധ ആവശ്യങ്ങൾക്കനുസരിച്ച് സംവിധാനം പരിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങളും ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.

ദക്ഷിണ ചൈനാക്കടലിലെ സമുദ്രാതിർത്തി തർക്കങ്ങളാണ് ഫിലിപ്പീൻസിന്റെ പ്രതിരോധ നവീകരണ നീക്കങ്ങൾക്ക് പ്രധാന കാരണം. ചൈനയുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സൈനിക ശേഷി വർധിപ്പിക്കുന്നതിനുമാണ് മനിലയുടെ ശ്രമം.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ സംവിധാനത്തിന് അന്താരാഷ്ട്ര തലത്തിൽ ആവശ്യക്കാർ വർധിച്ചുവരികയാണ്. ഇന്തോനേഷ്യയ്ക്ക് മിസൈലുകൾ നൽകാനുള്ള നീക്കവും വിയറ്റ്നാമുമായുള്ള കരാറും ഇതിന്റെ ഭാഗമാണ്. യുഎഇ, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ട്.

അതേസമയം, 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 62 ശതമാനത്തിലധികമാണ് വർധന. പുതിയ കരാർ യാഥാർഥ്യമായാൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രംഗത്ത് മറ്റൊരു നിർണായക നേട്ടമാകും.