ന്യൂഡൽഹി: പ്രത്യേക നിയമങ്ങളേക്കാൾ രാജ്യത്തിന്റെ ഭരണഘടനയ്ക്കാണ് പരമപ്രാധാന്യമെന്ന് സുപ്രീംകോടതി. വിചാരണ വേഗത്തിൽ പൂർത്തിയാക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും ഏതൊരു നിയമത്തിനും ഈ അവകാശത്തെ മറികടക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വ്യാഴാഴ്ച ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, എ. എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ഭരണഘടനാ വ്യവസ്ഥകളും പ്രത്യേക നിയമങ്ങളും തമ്മിൽ വൈരുധ്യമുണ്ടാകുന്ന സാഹചര്യത്തിൽ ഭരണഘടനയ്ക്കായിരിക്കും മുൻഗണനയെന്ന് കോടതി വ്യക്തമാക്കി.
എൻഡിപിഎസ് നിയമം, യുഎപിഎ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) തുടങ്ങിയ പ്രത്യേക നിയമങ്ങളിലെ കർശനമായ ജാമ്യവ്യവസ്ഥകൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ഇല്ലാതാക്കാൻ പാടില്ലെന്നാണ് കോടതിയുടെ നിലപാട്.
വേഗത്തിലുള്ള വിചാരണ മൗലികാവകാശം
ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണ് വേഗത്തിലുള്ള വിചാരണയെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണയിലെ അനാവശ്യമായ കാലതാമസം ജാമ്യം അനുവദിക്കുന്നതിന് പരിഗണിക്കാവുന്ന കാരണമായേക്കാമെന്നും നിരീക്ഷിച്ചു.
പ്രത്യേക നിയമങ്ങളിലെ കർശനമായ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി വിചാരണയില്ലാതെ ഒരാളെ ദീർഘകാലം തടവിൽ തുടരാൻ നിർബന്ധിക്കാനാവില്ലെന്ന സന്ദേശമാണ് കോടതിയുടെ നിരീക്ഷണം നൽകുന്നത്.
മുൻ ഉത്തരവിനെക്കുറിച്ചും വിമർശനം
എൻഡിപിഎസ് നിയമത്തിലെ 37-ാം വകുപ്പ് ഉൾപ്പെടെയുള്ള കർശനമായ ജാമ്യവ്യവസ്ഥകളുടെ പരിധിക്കുള്ളിൽ മാത്രമേ വിചാരണയിലെ കാലതാമസം സംബന്ധിച്ച ഭരണഘടനാപരമായ അവകാശം പരിഗണിക്കാനാകൂ എന്ന മുൻ ഉത്തരവിനെയും ബെഞ്ച് വിമർശിച്ചു.
പിഎംഎൽഎ, എൻഡിപിഎസ്, യുഎപിഎ കേസുകളിൽ വിചാരണയിലെ കാലതാമസം ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിൽ സുപ്രീംകോടതിക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വിഷയം കൂടുതൽ വിപുലമായ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് പുതിയ നിരീക്ഷണം.
ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും നീതിപൂർവമായ വിചാരണയും പ്രത്യേക നിയമങ്ങളുടെ പേരിൽ പരിമിതപ്പെടുത്താനാവില്ലെന്ന സുപ്രധാന നിലപാടാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്