കുവൈത്ത് സിറ്റി: ഉപയോഗയോഗ്യമല്ലാത്ത മത്സ്യത്തിന്റെയും മാംസത്തിന്റെയും കാലാവധി ലേബലുകൾ മാറ്റി ഭക്ഷണശാലകൾക്ക് വിൽപ്പന നടത്തിയെന്ന കേസിൽ ഈജിപ്ത് സ്വദേശിയെ കുവൈത്ത് ക്രിമിനൽ അന്വേഷണ വിഭാഗം പിടികൂടി. ശുവൈഖിലെ ഗോഡൗണിൽ കേടായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഭക്ഷ്യ–പോഷകാഹാര അതോറിറ്റിയുമായി ചേർന്ന് പരിശോധന നടത്തിയത്.
പഴയ ലേബലുകൾ നീക്കി പുതിയ കാലാവധി രേഖപ്പെടുത്തിയ ലേബലുകൾ പതിച്ചാണ് ഭക്ഷ്യവസ്തുക്കൾ ഭക്ഷണശാലകൾക്ക് വീണ്ടും വിറ്റിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗോഡൗണിനു പുറമേ മാംസം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ബസും ഉദ്യോഗസ്ഥർ പരിശോധിച്ചു. നടപടിയിൽ 3.1 ടൺ മത്സ്യവും 68 ചാക്ക് മാംസവും വേറെയായി 108 കിലോഗ്രാം മാംസവും പിടിച്ചെടുത്തു.
ഭക്ഷ്യ–പോഷകാഹാര അതോറിറ്റി നിയമലംഘനങ്ങൾ രേഖപ്പെടുത്തി പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.