ചെന്നൈ: ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ 'മൂക്കുത്തി അമ്മൻ 2 - മഹാശക്തി'ക്ക് ആദ്യ ഷോകൾക്ക് പിന്നാലെ തീയേറ്ററുകളിൽ മികച്ച പ്രതികരണം. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച് സുന്ദർ സി. രചനയും സംവിധാനവും നിർവഹിച്ച ചിത്രം തിയേറ്ററുകളിൽ വൻ ജനശ്രദ്ധ നേടുകയാണ്.
2020-ൽ വലിയ വിജയം നേടിയ 'മൂക്കുത്തി അമ്മൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ 'മൂക്കുത്തി അമ്മൻ 2', ആദ്യ ഭാഗത്തിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ പ്രമേയവും കഥാനുഭവവുമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ദേവി മൂക്കുത്തി അമ്മന്റെ വേഷത്തിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥയായും നയൻതാര ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ദൃശ്യവിസ്മയവും പ്രകടനങ്ങളും
ചിത്രത്തിലെ വിഎഫ്എക്സ് (VFX), സിജിഐ (CGI) ദൃശ്യങ്ങളും നയൻതാരയുടെ സ്ക്രീൻ പ്രസൻസുമാണ് പ്രേക്ഷകരെ പ്രധാനമായും ആകർഷിക്കുന്നത്.
സുന്ദർ സിയുടെ ട്രേഡ്മാർക്ക് ശൈലിയിലുള്ള വിനോദ ഘടകങ്ങളും ഹിപ്പ് ഹോപ്പ് തമിഴയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ തിളക്കം നൽകുന്നു.
ഉർവശി, റെജീന കസാൻഡ്ര, ദുനിയ വിജയ്, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിരയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടി.
കുടുംബപ്രേക്ഷകരെയും ഭക്തിസാന്ദ്രമായ സിനിമാനുഭവം ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന 'ഡിവൈൻ മാസ് എന്റർടെയ്നർ' എന്നാണ് ആദ്യ ഷോകൾ പൂർത്തിയാകുമ്പോൾ ചിത്രത്തിന് ലഭിക്കുന്ന പ്രധാന അഭിപ്രായം. വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ചിത്രം വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തൽ.