അബുദാബി — രണ്ട് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും 30 കിലോഗ്രാമിലധികം മറ്റു ലഹരിവസ്തുക്കളും യുഎഇയിലേക്ക് കടത്താനുള്ള ശ്രമം അധികൃതർ തടഞ്ഞു. ഇറാഖിലെ സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് യുഎഇ ദേശീയ ലഹരിവിരുദ്ധ അതോറിറ്റി നടത്തിയ നീക്കത്തിൽ വിവിധ രാജ്യക്കാരായ 20 പ്രതികൾ പിടിയിലായി.
റാസ് അൽ ഖൈമയിലെ അതിർത്തി മേഖലയിലൂടെ ലഹരിവസ്തുക്കൾ കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് ഇരു രാജ്യങ്ങളും കൈമാറിയ രഹസ്യവിവരത്തിൽ വ്യക്തമായി. കടത്തിനിടെ സംഘത്തിലെ ചിലരെ പിടികൂടി. മറ്റുള്ളവരെ ദുബായ്, ഷാർജ, റാസ് അൽ ഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക നടപടികളിലാണ് പിടികൂടിയത്. കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹാഷിഷ്, കൃത്രിമ കന്നാബിനോയ്ഡുകൾ എന്നിവ പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു.