ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രപരവും സാഹിത്യപരവും വൈജ്ഞാനികവുമായ പൈതൃകത്തിന് രാജ്യാന്തര അംഗീകാരം. മഹാഭാരതം, കൽഹണന്റെ രാജതരംഗിണി, കൗടില്യന്റെ അർത്ഥശാസ്ത്രം എന്നിവ യുനെസ്കോയുടെ 'മെമ്മറി ഓഫ് ദ വേൾഡ്' ഏഷ്യ-പസഫിക് മേഖലാ രജിസ്റ്ററിൽ ഇടംപിടിച്ചു.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന മെമ്മറി ഓഫ് ദ വേൾഡ് കമ്മിറ്റി ഫോർ ഏഷ്യ ആൻഡ് പസഫിക്കിന്റെ പതിനൊന്നാമത് സമ്മേളനത്തിലാണ് തീരുമാനം. ഇതോടെ യുനെസ്കോയുടെ ഏഷ്യ-പസഫിക് മേഖലാ രജിസ്റ്ററിൽ ഇന്ത്യയുടെ അംഗീകൃത പൈതൃകരേഖകളുടെ എണ്ണം ആറായതായി അധികൃതർ അറിയിച്ചു.
പന്ത്രണ്ടാം നൂറ്റാണ്ടിൽ കൽഹണൻ രചിച്ച രാജതരംഗിണി കശ്മീരിന്റെ ചരിത്രവും ഭരണാധികാരികളുടെ കാലഘട്ടവും രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളും രേഖപ്പെടുത്തുന്ന പ്രധാന ചരിത്രകൃതിയാണ്. ചരിത്രരചനയിലെ തെളിവുകളോടുള്ള സമീപനവും വിമർശനാത്മകമായ അന്വേഷണരീതിയും ഈ കൃതിയെ സവിശേഷമാക്കുന്നു.
ഇന്ത്യൻ ഇതിഹാസങ്ങളിൽ പ്രധാനപ്പെട്ട മഹാഭാരതം ധർമം, നീതി, കടമ, അധികാരം, മനുഷ്യബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്. ഇന്ത്യൻ തത്ത്വചിന്തയുടെയും ധാർമിക ചിന്തകളുടെയും പ്രധാന സ്രോതസ്സുകളിലൊന്നായും മഹാഭാരതം വിലയിരുത്തപ്പെടുന്നു.
ഭരണതന്ത്രത്തെയും രാഷ്ട്രതന്ത്രത്തെയും ആസ്പദമാക്കി കൗടില്യൻ രചിച്ച അർത്ഥശാസ്ത്രം സാമ്പത്തികനയം, ഭരണസംവിധാനം, നയതന്ത്രം, രാഷ്ട്രസംരക്ഷണം തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്ന പുരാതന ഗ്രന്ഥമാണ്.
ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സ് (IGNCA) ആണ് മൂന്ന് കൃതികളുടെയും നാമനിർദേശ രേഖകൾ തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. സ്ഥാപനത്തിന്റെ മെമ്പർ സെക്രട്ടറി ഡോ. സച്ചിദാനന്ദ ജോഷിയാണ് അംഗീകാര വിവരം പ്രഖ്യാപിച്ചത്.
2024ൽ രാമചരിതമാനസം, പഞ്ചതന്ത്രം, സഹൃദയാലോകലോചന എന്നീ കൃതികളും യുനെസ്കോയുടെ ഇതേ മേഖലാ രജിസ്റ്ററിൽ ഇടം നേടിയിരുന്നു.
ഇന്ത്യയുടെ കൈയെഴുത്തുപ്രതി പൈതൃകം സംരക്ഷിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജ്ഞാനഭാരതം പദ്ധതിയുടെ പശ്ചാത്തലത്തിലാണ് പുതിയ അംഗീകാരം. ഇന്ത്യയുടെ ചരിത്ര-സാംസ്കാരിക പാരമ്പര്യത്തിനും വൈജ്ഞാനിക സംഭാവനകൾക്കും ആഗോളതലത്തിൽ ലഭിച്ച സുപ്രധാന അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്