കൊച്ചിയിൽ നടിയും സംഘവും മർദിച്ചതായി പരാതി നൽകിയ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി നടിയുടെ അടുത്ത ബന്ധുവായ യുവതി രംഗത്തെത്തി.

ഇൻഫോപാർക്കിന് സമീപമുള്ള ഹോട്ടലിൽ വെച്ച് മദ്യം നൽകി അവശയാക്കിയ ശേഷം കുടുംബ ഡോക്ടർ കൂടിയായ ജോൺസൺ തന്നെ പീഡിപ്പിച്ചെന്നും ചിത്രങ്ങൾ പകർത്തിയതായി സംശയമുണ്ടെന്നും കാട്ടി യുവതി ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, ജോലി ചെയ്തിരുന്ന പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടറെ പുറത്താക്കുകയും ചെയ്തു.

​നേരത്തെ, ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മർദിക്കുകയും പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുത്തെന്നും ആരോപിച്ച് ഡോക്ടർ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടിയും നടൻ ബിബിൻ പെരുമ്പിള്ളിയും അടക്കം 12 പേർക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടർക്കെതിരെയും പീഡനത്തിന് കേസെടുത്തിരിക്കുന്നത്.