ന്യൂഡൽഹി: 2027ലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 16ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പ്ലസ് ടു പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങി ഏപ്രിൽ 9നാണ് അവസാനിക്കുക. എല്ലാ പരീക്ഷകളും ഇന്ത്യൻ സമയം രാവിലെ 10.30ന് ആരംഭിക്കും. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.
പ്രാക്ടിക്കൽ പരീക്ഷ, ഇന്റേണൽ അസസ്മെന്റ് എന്നിവയുടെ തീയതികളും പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും അഫിലിയേറ്റഡ് സ്കൂളുകളിൽ 2027 ജനുവരി 1 മുതൽ ഫെബ്രുവരി 13 വരെയാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. അതേസമയം,
ശൈത്യകാല മേഖലകളിലെ സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷകൾ 2026 നവംബർ 9 മുതൽ ഡിസംബർ 19 വരെയായിരിക്കും.
പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതുന്നത്. വിശദ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.