സ്കൂൾ വിദ്യാർഥികൾക്കായി നൽകിയ ലാപ്ടോപ്പുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനങ്ങൾ ഉൾപ്പെടുത്തിയതിനെച്ചൊല്ലി ഗൂഗിളിനെതിരെ നിയമനടപടി. അമേരിക്കയിൽ 13 വയസ്സുകാരിയായ വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് ഗൂഗിളിനെതിരെ കേസ് ഫയൽ ചെയ്തത്. സ്കൂൾ ആവശ്യങ്ങൾക്കായി നൽകിയ ക്രോംബുക്ക് ലാപ്ടോപ്പിലൂടെ ഗൂഗിളിന്റെ എഐ സംവിധാനമായ എഐ മോഡുമായി ദീർഘകാലം ആശയവിനിമയം നടത്തിയതിനെത്തുടർന്ന് മകൾ ഗുരുതരമായ മാനസിക പ്രതിസന്ധിയിലായെന്നാണ് മാതാപിതാക്കളുടെ ആരോപണം.
കാലിഫോർണിയയിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്കൂൾ ലാപ്ടോപ്പുകളിൽ മാതാപിതാക്കൾക്ക് മതിയായ മുന്നറിയിപ്പോ അനുമതിയോ നൽകാതെ എഐ സംവിധാനങ്ങൾ ഉൾപ്പെടുത്തിയെന്ന ആരോപണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
എഐ സംവിധാനത്തിനെതിരെ എന്താണ് ആരോപണം?
എമ്മ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനി ആദ്യം ഗൂഗിളിന്റെ എഐ സംവിധാനം ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ സ്കൂൾ ലാപ്ടോപ്പിലൂടെ നടത്തിയ സാധാരണ വെബ് തിരച്ചിലുകൾക്കിടെ ഗൂഗിൾ സെർച്ചിലെ എഐ മോഡിലേക്ക് എത്തുകയായിരുന്നു. പിന്നീട് രാത്രികാലങ്ങളിലും തുടർച്ചയായി എഐ സംവിധാനവുമായി ആശയവിനിമയം നടത്തിയെന്നും ആയിരക്കണക്കിന് സന്ദേശങ്ങൾ കൈമാറിയെന്നുമാണ് ആരോപണം.
എഐ സംവിധാനം വിദ്യാർഥിനിയിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിപ്പിക്കുകയും മാതാപിതാക്കളോടും കൗൺസിലർമാരോടുമുള്ള വിശ്വാസത്തെ ബാധിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാർ പറയുന്നത്. വിദ്യാർഥിനിയുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മാതാപിതാക്കൾക്കും സ്കൂൾ അധികൃതർക്കും ഗൂഗിൾ നേരിട്ട് നൽകിയില്ലെന്നും ആരോപണമുണ്ട്.
സ്കൂളിലെ പ്രത്യേക നിരീക്ഷണ സംവിധാനം ഗൂഗിൾ ഡോക്സിലെ ഒരു രേഖയിൽ അസ്വാഭാവികമായ ഉള്ളടക്കം കണ്ടെത്തി അധികൃതരെ അറിയിച്ചതോടെയാണ് കുടുംബം വിവരം അറിഞ്ഞതെന്നാണ് റിപ്പോർട്ട്.
ഗൂഗിളിന്റെ പ്രതികരണം
ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ വക്താവ് ഹോസെ കാസ്റ്റനേഡ അറിയിച്ചു. മാനസിക പ്രതിസന്ധി നേരിടുന്നവർക്ക് ആവശ്യമായ സഹായവും അടിയന്തര സേവനങ്ങളുടെ വിവരങ്ങളും ലഭ്യമാക്കുന്നതിനായി ആരോഗ്യവിദഗ്ധരുടെയും അക്കാദമിക് വിദഗ്ധരുടെയും സഹകരണത്തോടെ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
സ്കൂളുകളിലെ എഐ നിയന്ത്രണത്തിൽ മാറ്റം
2027ന്റെ തുടക്കത്തിൽ കെ–12 സ്കൂളുകളിൽ ജെമിനി ഉൾപ്പെടെയുള്ള ചില എഐ സേവനങ്ങൾ ഡിഫോൾട്ടായി പ്രവർത്തനരഹിതമാക്കുമെന്ന് ഗൂഗിൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്കൂളുകൾ ഗൂഗിൾ സെർച്ച് വീണ്ടും സജീവമാക്കുകയാണെങ്കിൽ എഐ സവിശേഷതകൾ ഉൾപ്പെട്ട പതിപ്പ് തന്നെ തിരഞ്ഞെടുക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
ഗൂഗിളിന്റെ ഈ നീക്കത്തിനെതിരെ അമേരിക്കയിൽ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ എഐ സാങ്കേതികവിദ്യയുടെ ഉപയോഗം, വിദ്യാർഥികളുടെ സുരക്ഷ, മാതാപിതാക്കളുടെ സമ്മതം എന്നിവ സംബന്ധിച്ച ചർച്ചകൾക്ക് പുതിയ കേസ് വഴിതുറന്നിരിക്കുകയാണ്.