കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന റീലുകൾ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കൊൽക്കത്തയിൽ കൗമാരക്കാരനെ ആക്രമിച്ച് തീകൊളുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒക്ടോബർ 27ന് കൊൽക്കത്തയിലെ ഗർഫ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാൽട്ടുവിലെ ലെനിൻ നഗർ പ്രദേശത്താണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൗമാരക്കാരനെ ഒരു സംഘം യുവാക്കൾ സമീപത്തെ കുളത്തിനരികിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കളിയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് കണ്ണുകെട്ടുകയും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്ത ശേഷം സംഘം മർദിച്ചതായാണ് പരാതി. തുടർന്ന് പെട്രോൾ കുടിപ്പിക്കാൻ ശ്രമിക്കുകയും വിസമ്മതിച്ചതോടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് വസ്ത്രങ്ങൾക്ക് തീകൊളുത്തുകയുമായിരുന്നു.

എന്നാൽ തീപിടിച്ച വസ്ത്രങ്ങൾ അഴിച്ചുമാറ്റി യുവാവിന് രക്ഷപ്പെടാൻ കഴിഞ്ഞു. നാട്ടുകാർ ഉടൻ തന്നെ സഹായവുമായി എത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യുവാവിന്റെ ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

സാമ്പത്തിക തർക്കവും അന്വേഷണ പരിധിയിൽ

ആക്രമണത്തിന് പിന്നിൽ സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും പൊലീസ് സംശയിക്കുന്നു.

അതേസമയം, ആറുമാസം മുമ്പ് പ്രതികളിലൊരാൾ യുവാവിനോട് 500 രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു. തുക തിരികെ നൽകിയിട്ടും വൈരാഗ്യം തുടർന്നതായാണ് കുടുംബത്തിന്റെ ആരോപണം.

സംഭവം റീൽ ചിത്രീകരണത്തിനായി സ്വമേധയാ നടത്തിയതാണെന്ന് പൊലീസിനോട് പറയാൻ പ്രതികൾ യുവാവിനോട് നിർദേശിച്ചതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് മുഖ്യപ്രതിയുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രായപൂർത്തിയാകാത്തവരെയും പിടികൂടിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.